home  

New users are required to check instructions for proper viewing of the website.

  1. നിയമപരവും ധാര്‍മികവുമായ പ്രശ്‌നങ്ങള്‍

എ. അവകാശ നിഷേധം

(1) ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍

1. ജീവിക്കാനുള്ള അവകാശം: മറ്റേതു പൗരനെയും പോലെ അടിസ്ഥാനസൗകര്യങ്ങളോടെ ജീവിക്കാനുള്ള അവകാശം എച്ച്‌.ഐ.വി. അണുബാധിതര്‍ക്കും ഉണ്ടെന്നു മാത്രമല്ല, ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാദ്ധ്യത ഭരണകൂടത്തിനും ഉണ്ട്‌.

2. സ്വാതന്ത്ര്യം: സ്വാതന്ത്ര്യം ജന്മാവകാശമാണ്‌. സാമൂഹ്യഘടനയില്‍ ലഭ്യമായ ഏതു സേവനവും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം, സമൂഹത്തിലെ ഇതരരെ പ്രതികൂലമായി ബാധിക്കാത്ത ഏതു ജീവിതരീതിയും സ്വീകരിക്കാനുള്ള അവകാശം എന്നിങ്ങനെ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ ആസ്വദിക്കാനുള്ള അവകാശവും എച്ച്‌.ഐ.വി. അണുബാധിതര്‍ക്കുണ്ട്‌.

3. വിവേചനരഹിതമായി തൊഴില്‍ ചെയ്യാനുള്ള അവകാശം: തൊഴില്‍ സ്ഥലത്ത്‌ വിവേചനം കൂടാതെ തൊഴില്‍ ചെയ്യാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നു. എച്ച്‌.ഐ.വി. അണുബാധിതര്‍ എന്നതിന്റെ പേരില്‍ തൊഴില്‍ സ്ഥലത്ത്‌ വിവേചനം കാട്ടുന്നതോ, തൊഴില്‍ നിഷേധിക്കുന്നതോ നിയമപരമായി
കുറ്റകരമാണ്‌.


(2) അന്താരാഷ്‌ട്ര ഉടമ്പടികള്‍ വ്യവസ്ഥ ചെയ്യുന്ന അവകാശങ്ങള്‍

1. അല്‍മാ അത്താ പ്രഖ്യാപനം (1977) ആരോഗ്യത്തെ നിര്‍വചിക്കുന്നത്‌ ഇങ്ങനെയാണ്‌. ``ആരോഗ്യമെന്നത്‌ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്ഥിതിയാണ്‌.'' ആരോഗ്യം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ലഭ്യമാകുന്നത്‌ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും (ശാരീരിക, മാനസിക, സാമ്പത്തിക, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലകളില്‍) പുരോഗതി ഉണ്ടാകുമ്പോഴാണ്‌.

2. ഏതുതരത്തിലുള്ള വിവേചനത്തിനുമെതിരെയുള്ള അവകാശം ഒരു വ്യക്തിയെ രോഗത്തിന്റെ പേരിലോ, ലൈംഗിക സ്വഭാവത്തിന്റെ പേരിലോ പൊതുധാരയില്‍നിന്നു മാറ്റി നിര്‍ത്തുന്നതിനെ അന്താരാഷ്‌ട്ര ഉടമ്പടികള്‍ വിലക്കുന്നു.

3. എച്ച്‌.ഐ.വി. പരിശോധനയ്‌ക്കു വിധേയനാകാനുള്ള അനുമതിക്കുള്ള അവകാശം. ഒരാളെ എച്ച്‌.ഐ.വി. പരിശോധനയ്‌ക്കു വിധേയനാക്കുന്നതിനു മുന്‍പ്‌ പരിശോധനയുടെ വിശദവിവരങ്ങള്‍ അയാളെ ബോധ്യപ്പെടുത്തുകയും പരിശോധനയ്‌ക്കു വിധേയനാകാനുള്ള അനുമതി അയാളില്‍ നിന്നു തേടേ ണ്ടതുമുണ്ട്‌.

4. എച്ച്‌.ഐ.വി. അണുബാധയുള്ള വ്യക്തിക്കു തന്റെ അവസ്ഥയെക്കുറിച്ചുള്ള സ്വകാര്യതയ്‌ക്കുള്ള അവകാശം. പരിശോധനയിലൂടെ ഒരു വ്യക്തിക്ക്‌ എച്ച്‌.ഐ.വി. അണുബാധയുണ്ടെന്നു തെളിഞ്ഞാല്‍ അണുബാധയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശം അന്താരാഷ്‌ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. സാമൂഹ്യതിരസ്‌കരണത്തില്‍ നിന്നുള്ള പരിരക്ഷയാണ്‌ ഇതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത്‌.

ബി. ആരോഗ്യം, ആവശ്യത്തെക്കാളുപരി വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ ജന്മാവകാശം

1. ജനാധിപത്യമൂല്യങ്ങളും മര്യാദകളും

ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാവരും തുല്യരാണ്‌. ഇത്‌ ആരോഗ്യത്തിന്റെ വിഷയത്തിലും ബാധകമാണ്‌. വിവേചനരഹിതമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ പരിരക്ഷാസേവനങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി ലഭ്യമാകുന്നു എന്ന്‌ ഉറപ്പുവരുത്തേണ്ടതാണ്‌. ജനാധിപത്യത്തിന്റെ കാതലായ സാമൂഹ്യനീതി ഇതുമൂലം ഉറപ്പാക്കപ്പെടുന്നു.

2. ലൈംഗികാരോഗ്യ പരിരക്ഷാസേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുള്ള സര്‍ക്കാര്‍ ഘടനയ്‌ക്കുള്ള ഉത്തരവാദിത്തം.

എച്ച്‌.ഐ.വി. അണുബാധമൂലം രാജ്യത്തിന്റെ മനുഷ്യവിഭവശേഷി നഷ്‌ടപ്പെടുന്ന പശ്ചാത്തലത്തില്‍ ലൈംഗികാരോഗ്യപരിരക്ഷാ സംവിധാനം മെച്ചപ്പെടുത്തി എച്ച്‌.ഐ.വി.യുടെ പ്രഹരത്തില്‍ നിന്ന്‌ രാജ്യത്തെ രക്ഷിക്കേണ്ട ബാദ്ധ്യത ഭരണകൂടത്തില്‍ നിക്ഷിപ്‌തമാണ്‌. ഇതിനായി, എച്ച്‌.ഐ.വി. അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്ക്‌ (പ്രത്യേകിച്ച്‌ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക്‌) ലൈംഗികാരോഗ്യ പരിരക്ഷാസേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുള്ള സര്‍ക്കാര്‍ ഘടനയ്‌ക്ക്‌ താത്‌പര്യവും കഴിവും ഉണ്ടാകണം.


3. പൊതുജനവും ലൈംഗിക ന്യൂനപക്ഷങ്ങളും

എച്ച്‌.ഐ.വി. ആദ്യമായി കണ്ടെത്തിയതു ലൈംഗികന്യൂനപക്ഷങ്ങളുടെ ഇടയിലാണെന്നതുകൊണ്ടും ഇവരുടെ ലൈംഗികസ്വഭാവം പ്രകൃതിവിരുദ്ധമായി മറ്റുള്ളവര്‍ കണക്കാക്കുന്നതുകൊണ്ടും, പ്രകൃതിവിരുദ്ധ ലൈംഗികതയുമായി എച്ച്‌.ഐ.വി.യെ ബന്ധപ്പെടുത്തുന്ന പ്രവണത നിലവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ പൊതുധാരയില്‍ നിന്നു മാറ്റപ്പെടേണ്ടവരാണെന്നു കരുതുന്നവരുമുണ്ട്‌. പക്ഷെ ലൈംഗിക ന്യൂനപക്ഷങ്ങളെക്കാള്‍ കൂടുതലായി ലൈംഗിക ഭൂരിപക്ഷങ്ങളുടെ ഇടയില്‍ എച്ച്‌.ഐ.വി. വ്യാപിക്കുന്നുണ്ട്‌ എന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു.


 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ