home  

New users are required to check instructions for proper viewing of the website.

  പ്രത്യാശ

ഒത്തൊരുമയുടെ കൂട്ടായ്‌മ

ജീവിതം ഒരു വരദാനമാണ്‌. ഏതു വലിയ പ്രതിസന്ധിയിലും തളരാതെ ലക്ഷ്യബോധത്തോടെ ജീവിച്ചു മുന്നേറുന്നതിലാണ്‌ നമ്മുടെ കരുത്ത്‌ പ്രകടമാകുന്നത്‌. ആത്മവിശ്വാസത്തെ വെല്ലുവിളിക്കുന്ന നിമിഷങ്ങളില്‍ സമാനമായ പ്രശ്‌നങ്ങളും വേദനകളും നേരിടുന്നവര്‍ ഒത്തൊരുമിക്കുന്നത്‌ കൂടുതല്‍ കരുത്തു പകരും. ഒപ്പം സന്തോഷങ്ങളും ദുഃഖങ്ങളും പരസ്‌പരം പങ്കുവയ്‌ക്കുന്നത്‌ ആശ്വാസം നല്‍കുകയും ചെയ്യും.

കേരള സംസ്ഥാന എയ്‌ഡ്‌സ്‌ നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എച്ച്‌.ഐ.വി. അണുബാധിതര്‍ക്കുവേണ്ടി എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന `പ്രത്യാശ' കേന്ദ്രങ്ങള്‍ ഇത്തരത്തിലുള്ള ഒരു കൂട്ടായ്‌മയുടെ പുതിയ സന്ദേശമാണ്‌ പകരുന്നത്‌. എച്ച്‌.ഐ.വി. അണുബാധിതര്‍ക്ക്‌ കൗണ്‍സലിംഗ്‌ നല്‍കി ലക്ഷ്യബോധത്തോടെ ജീവിക്കാന്‍ പ്രാപ്‌തരാക്കുകയും അണുബാധിതരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനും അവയ്‌ക്ക്‌ പരിഹാരം കെണ്ടത്താനും `പ്രത്യാശ' കേന്ദ്രങ്ങളില്‍ അവസരം ഒരുക്കുന്നു.

ഫലപ്രദമായ മരുന്നുകളിലൂടെയും കരുതലോടെയുള്ള മികച്ച ചികിത്സാസംവിധാനങ്ങളിലൂടെയും എച്ച്‌.ഐ.വി. അണുബാധയുടെ കാഠിന്യം ഒരു പരിധിവരെ കുറയ്‌ക്കാന്‍ കഴിയുന്നുണ്ട്‌. മികച്ച ചികിത്സയിലൂടെ (ആന്റി റിട്രോ വൈറല്‍ ട്രീറ്റ്‌മെന്റ്‌) എച്ച്‌.ഐ.വി. അണുബാധയുള്ളവര്‍ക്ക്‌ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയും. ഇങ്ങനെ 5 മുതല്‍ 15 വര്‍ഷം വരെ ജീവിതകാലം ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. ഒരുപക്ഷെ അതിനകം എച്ച്‌.ഐ.വി. അണുബാധ പൂര്‍ണമായും ഇല്ലാതാക്കാനുള്ള മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള സാധ്യത വിദൂരവുമല്ല.

സംസ്ഥാനത്തെ എച്ച്‌.ഐ.വി. / എയ്‌ഡ്‌സ്‌ ബാധിതര്‍ക്ക്‌ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ `പ്രത്യാശ' കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌. എച്ച്‌.ഐ.വി. അണുബാധിതര്‍ക്ക്‌ കൗണ്‍സലിംഗ്‌ നല്‍കി ലക്ഷ്യബോധത്തോടെ ജീവിക്കാന്‍ പ്രാപ്‌തരാക്കുക, ഇവര്‍ക്ക്‌ ലഭ്യമായ വിവിധ ചികിത്സാരോഗനിര്‍ണയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുക, ഈ രംഗത്തെ വിവിധ മേഖലകളുമായുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, തൊഴിലധിഷ്‌ഠിതമായ പരിശീലനങ്ങള്‍ നല്‍കുക തുടങ്ങിയവയാണ്‌ `പ്രത്യാശ'യുടെ ലക്ഷ്യം. 14 ജില്ലകളിലും പ്രത്യാശ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

പ്രത്യാശയുടെ പ്രവര്‍ത്തനങ്ങള്‍

1. ചികിത്സയ്‌ക്കായി ആശുപത്രികളില്‍ എത്തുന്നവര്‍ക്ക്‌ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക.
2. എച്ച്‌.ഐ.വി. അണുബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ട കൗണ്‍സലിംഗ്‌ നല്‍കുക.
3. വിവിധ ചികിത്സാ സേവനകേന്ദ്രങ്ങളുമായി സഹകരിച്ച്‌
എച്ച്‌.ഐ. വി. അണുബാധിതര്‍ക്കായി പ്രവര്‍ത്തിക്കുക.
4. ദൂരെനിന്നും എ.ആര്‍.ടി. ചികിത്സയ്‌ക്കെത്തുന്നവര്‍ക്കുള്ള പകല്‍ വിശ്രമകേന്ദ്രം.
5. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട സഹായങ്ങള്‍
ചെയ്‌തുകൊടുക്കുക.
6. എച്ച്‌.ഐ.വി. അണുബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക്‌ തൊഴില്‍ / വരുമാനമാര്‍ഗങ്ങള്‍ കെണ്ടത്തുക.
7. വീടുകളില്‍പ്പോയി കൗണ്‍സലിംഗ്‌ നല്‍കുക.
8. പൊതുജനസമ്പര്‍ക്കവും ശൃംഖലവത്‌കരണവും (Advocacy & Net working)
9. മാസത്തിലൊരിക്കലുള്ള ഒത്തുചേരല്‍ - വൈദ്യപരിശോധനയും ആരോഗ്യവത്‌കരണ ക്ലാസും
10. കേരള സംസ്ഥാന എയ്‌ഡ്‌സ്‌ നിയന്ത്രണ സൊസൈറ്റിയുടെ കീഴി ലുള്ള ലൈംഗികാരോഗ്യ പദ്ധതികളുമായും ഇതരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍/സര്‍ക്കാരിതര മേഖലകളുമാ യുള്ള സംയോജിത പ്രവര്‍ത്തനം.



 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ