home  

New users are required to check instructions for proper viewing of the website.

  പ്രതിരോധമാര്‍ഗങ്ങള്‍ വിവിധ സാഹചര്യങ്ങളില്‍

ലൈംഗികമായുള്ള രോഗപ്പകര്‍ച്ച തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. എയ്‌ഡ്‌സ്‌ രോഗത്തിന്റെ രോഗപ്പകര്‍ച്ചാപഠനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞ പ്രധാനകാര്യം, ഇതു കൂടുതലായി കാണുന്നത്‌ പുരുഷന്മാരായ സ്വവര്‍ഗരതിക്കാര്‍, അച്ചടക്കരഹിതമായ ലൈംഗികജീവിതം നയിക്കുന്നവര്‍, മയക്കുമരുന്നു കുത്തിവയ്‌പ്പിനടിമയായവര്‍, ഹീമോഫീലിയാ രോഗികള്‍ എന്നിവരിലും അവരുടെ ലൈംഗിക പങ്കാളികളിലുമാണെന്നാണ്‌. നമുക്കെല്ലാം ഏതെങ്കിലും വിധത്തില്‍ രോഗപ്പകര്‍ച്ച സംഭവിച്ചുകൂടെന്നില്ല. ജീവിതപങ്കാളിയുമായിമാത്രം ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍ക്ക്‌ യാതൊരുവിധത്തിലും ഭയപ്പെടേണ്ട
കാര്യമില്ല.

വ്യക്തികള്‍ക്ക്‌ ഉപദേശം നല്‍കുമ്പോള്‍ അവരുടെ അപകടസാദ്ധ്യതകള്‍ മനസ്സിലാക്കി ഉപദേശം നല്‍കുന്നതായിരിക്കും ഉത്തമം. രോഗാണുബാധ ഉണ്ടായിപ്പോയാലും ഇല്ലെങ്കിലും സുരക്ഷിത ലൈംഗികജീവിത മാര്‍ഗ്ഗങ്ങള്‍ ആളുകളെ പറഞ്ഞു മനസ്സിലാക്കണം. രോഗാണുബാധ ഒഴിവാക്കാനും, മറ്റുള്ളവര്‍ക്ക്‌ പകര്‍ത്താതിരിക്കാനും ഇത്‌
ഇടവരുത്തും.

നമ്മുടെ താലൂക്കുതല ആശുപത്രികളില്‍ ലഭ്യമായിട്ടുള്ള ലൈംഗികരോഗ ചികിത്സാസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക. അപകടസാദ്ധ്യത കൂടുതലുള്ള വ്യക്തികളെ മാത്രം പ്രത്യേക കൗണ്‍സിലിങ്ങിനുശേഷം പരിശോധനയ്‌ക്ക്‌ വിധേയനാക്കണം. ഈ പരിശോധനാഫലം രഹസ്യമായി സൂക്ഷിക്കേണ്ടതുമാണ്‌. എച്ച്‌.ഐ.വി. പോസിറ്റീവ്‌ ആയ വ്യക്തികള്‍ക്കു വേണ്ടി ഉപദേശനിര്‍ദ്ദേശങ്ങള്‍ ദയാപൂര്‍വം നല്‍കണം. ജനനേന്ദ്രിയ/ ലൈംഗികരോഗങ്ങള്‍ക്കുള്ള മെച്ചപ്പെട്ട ചികിത്സ സര്‍ക്കാരിന്റെ `പുലരി' കേന്ദ്രങ്ങളില്‍ ലഭ്യമാണ്‌.

പരിശോധനയില്‍ എച്ച്‌.ഐ.വി. അണുബാധയുണ്ടെന്നു തെളിഞ്ഞ വ്യക്തിയുടെ ലൈംഗിക പങ്കാളിയെക്കൂടി പരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. ഇത്തരം പരിശോധനകള്‍ വളരെ രഹസ്യമായി, രോഗിയുടെ വികാരങ്ങളെ മാനിച്ച്‌ ചെയ്‌തുകൊടുക്കേണ്ടതാണ്‌. രോഗപ്പകര്‍ച്ച തടയാന്‍ ഇത്‌ ആവശ്യമാണ്‌. കൗണ്‍സലിംഗ്‌ കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ 40 ജ്യോതിസ്‌ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്‌.

മയക്കുമരുന്നു കുത്തിവയ്‌പ്പിനടിമപ്പെട്ടവര്‍ കുത്തിവയ്‌പ്‌ നിര്‍ത്താന്‍ വിസമ്മതിച്ചാല്‍ കുത്തിവയ്‌പ്‌ സാമഗ്രികള്‍ സഹകരിച്ചുപയോഗിക്കരുതെന്നു പറഞ്ഞു മനസ്സിലാക്കണം. രക്തധമനികളില്‍ കുത്തിയാലും മാംസപേശികളില്‍ കുത്തിയാലും തൊലിക്കടിയില്‍ കുത്തിയാലും അപകടം ഒരുപോലെയാണെന്ന്‌ ഓര്‍മിപ്പിക്കുക.

മയക്കുമരുന്നുപയോഗം നിര്‍ത്തുന്നതാണ്‌ അപകടമൊഴിവാക്കാനുള്ള പ്രധാനമാര്‍ഗം. മയക്കുമരുന്നു കുത്തിവയ്‌പിനടിമപ്പെട്ടവര്‍ക്കും എച്ച്‌.ഐ.വി. ആന്റിബോഡി പരിശോധനാകൗണ്‍സലിംഗ്‌ സൗകര്യത്തോടെ ലഭ്യമാക്കണം. നമ്മുടെ രാജ്യത്ത്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മയക്കുമരുന്നു കുത്തിവയ്‌പിലൂടെ എച്ച്‌.ഐ.വി. അണുബാധയുണ്ടായവര്‍ ആയിരക്കണക്കിനുണ്ട്‌. കേരളീയര്‍ ഈ സ്ഥലങ്ങളിലും മറ്റും തൊഴില്‍തേടി പോകുന്നതിനാലാണ്‌ മയക്കുമരുന്നു കുത്തിവയ്‌പിന്റെ അപകടസാധ്യത ഇത്രയും പറയുന്നത്‌. എച്ച്‌.ഐ.വി. പോസിറ്റീവ്‌ ആണെന്ന പരിശോധനാവിവരം നല്‍കുമ്പോള്‍ വേണ്ട രീതിയിലുള്ള കൗണ്‍സലിംഗ്‌ നല്‍കിയില്ലെങ്കില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയോ ആത്മഹത്യക്കുതന്നെയോ സാധ്യതയുണ്ടാകാം.

അമ്മയില്‍നിന്ന്‌ ഗര്‍ഭസ്ഥശിശുവിലേക്കുള്ള എച്ച്‌.ഐ.വി. അണുബാധ തടയലാണ്‌ മറ്റൊന്ന്‌. എച്ച്‌.ഐ.വി. അണുബാധിതരായ ഗര്‍ഭിണിയില്‍നിന്ന്‌ പ്രസവസമയത്ത്‌ അണുബാധ ഗര്‍ഭസ്ഥശിശുവിലേക്ക്‌ പകരാന്‍ 25 മുതല്‍ 30 ശതമാനം വരെ സാധ്യതയുണ്ട്‌. എച്ച്‌.ഐ.വി. പോസിറ്റീവ്‌ ആയ സ്‌ത്രീയും അല്ലെങ്കില്‍ പോസിറ്റീവ്‌ ആയ പുരുഷനില്‍നിന്ന്‌ ഗര്‍ഭം ധരിക്കുന്ന സ്‌ത്രീയും ഗര്‍ഭസ്ഥശിശുവിന്‌ അണുബാധ പകര്‍ത്താന്‍ 30 ശതമാനം സാധ്യതയുണ്ട്‌. ഇതേ കാരണത്താലാണ്‌ വിവാഹത്തിനുമുമ്പ്‌ രണ്ടു വ്യക്തികളും എച്ച്‌.ഐ.വി.ക്കെതിരെയുള്ള പരിശോധനകൂടി ചെയ്യുന്നത്‌ ഉത്തമമായിരിക്കും എന്നുപറയുന്നത്‌. അമ്മയില്‍നിന്ന്‌ കുഞ്ഞിലേക്ക്‌ എച്ച്‌.ഐ.വി. അണുബാധ പകരാതിരിക്കാനുള്ള ചികിത്സ, സംസ്ഥാനത്തെ 14 `സ്‌നേഹ' കേന്ദ്രങ്ങളില്‍
ലഭ്യമാണ്‌.

രക്തദാനത്തിനു മുമ്പ്‌ രക്തത്തിന്റെ ഗ്രൂപ്പ്‌ നിര്‍ണയിക്കുന്നതുപോലെ എച്ച്‌.ഐ.വി. അണുബാധിതരാണോ എന്നുകൂടി പരിശോധിക്കാന്‍ രക്തദാതാവ്‌ സ്വമേധയാ തയ്യാറാകണം. എച്ച്‌.ഐ.വി. പോലെയുള്ള അപകടകരമായ അണുബാധയുള്ള രക്തം രക്തബാങ്കുകളില്‍ നശിപ്പിച്ചുകളയുകയാണ്‌ നിലവിലുള്ള രീതി. അവയവദാനങ്ങള്‍ക്കു മുമ്പ്‌ എച്ച്‌.ഐ.വി.ക്കെതിരെയുള്ള രക്തപരിശോധനകള്‍ ചെയ്‌തിരിക്കണം. കൃത്രിമബീജ സംയോജനത്തിനു മുമ്പും എച്ച്‌.ഐ.വി.-ക്കെതിരെയുള്ള പരിശോധന ചെയ്‌തിരിക്കണം.

ആരോഗ്യപ്രവര്‍ത്തകര്‍ എച്ച്‌.ഐ.വി./എയ്‌ഡ്‌സ്‌ ആരോഗ്യവിദ്യാഭ്യാസത്തിന്‌ പ്രാധാന്യം കൊടുക്കണം. ആരോഗ്യപ്രവര്‍ത്തകരെ ഇതിനു പ്രാപ്‌തരാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തിര തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്യണം. അവര്‍ക്ക്‌ ആവശ്യമായ പഠനോപകരണങ്ങള്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കണം. സ്‌കൂളുകള്‍, കോളേജുകള്‍, ഗ്രന്ഥശാലകള്‍, തൊഴില്‍കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എച്ച്‌.ഐ.വി./ എയ്‌ഡ്‌സ്‌ രോഗത്തിന്റെ പ്രതിരോധപ്രാധാന്യം മനസ്സിലാക്കത്തക്ക ക്ലാസ്സുകള്‍ സംഘടിപ്പിച്ചാല്‍ ഒരു വലിയ വിപത്തില്‍നിന്ന്‌ നമ്മുടെ നാടിനെ രക്ഷിക്കാന്‍ നമുക്കു കഴിയും.


 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ