home  

New users are required to check instructions for proper viewing of the website.

  പുലരി

ലൈംഗികാരോഗ്യത്തിന്‌ `പുലരി' കേന്ദ്രങ്ങള്‍:

ആരോഗ്യകരമായ ലൈംഗികജീവിതം സംതൃപ്‌തമായ ജീവിതത്തിന്റെ ലക്ഷണമാണ്‌. ആഹ്ലാദകരമായ ലൈംഗികജീവിതം ആരോഗ്യത്തോടെ ആസ്വദിക്കാന്‍ വ്യക്തിശുദ്ധിയും വിശ്വസ്‌തതയും പാലിക്കേണ്ടത്‌ പരമപ്രധാനമാണ്‌. എന്നാല്‍ അലസമായ ജീവിതവും ആരോഗ്യകരമല്ലാത്ത ലൈംഗികബന്ധങ്ങളും ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്നു. വിവിധ രീതിയിലുള്ള മാരകരോഗങ്ങള്‍ പിടിപെടാനുള്ള പ്രധാനകാരണവും ഇത്തരം ജീവിതരീതി തന്നെയാണ്‌. പലതരത്തിലുള്ള ലൈംഗിക രോഗങ്ങള്‍ക്കടിമപ്പെട്ട്‌ വേദന തിന്നുമ്പോഴാണ്‌ ചെയ്‌ത തെറ്റിനെക്കുറിച്ചോര്‍ത്ത്‌ പൊതുവെ നാം പശ്ചാത്തപിക്കാറുള്ളത്‌. ലൈംഗികരോഗങ്ങള്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിക്കേണ്ടതാണ്‌. ഇന്ന്‌ എല്ലാ ലൈംഗിക രോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാണ്‌. പക്ഷെ അവഗണിച്ചാല്‍ അത്‌ കൂടുതല്‍ കുഴപ്പത്തിലേക്ക്‌ നയിക്കാം.

ലൈംഗികവേഴ്‌ചയിലൂടെ പകരുന്ന രോഗങ്ങളാണ്‌ ലൈംഗികരോഗങ്ങള്‍. ജനനേന്ദ്രിയത്തില്‍ കാണപ്പെടുന്ന വ്രണം, മൂത്രനാളിയില്‍ നിന്നുള്ള പഴുപ്പ്‌, അമിതമായ യോനീസ്രവം, കഴലവീക്കം, തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പുള്ള പാടുകള്‍ എന്നിവയൊക്കെ ലൈംഗികരോഗങ്ങളുടെ സാമാന്യലക്ഷണങ്ങളാണ്‌. ലൈംഗികവേഴ്‌ചയ്‌ക്കിടയില്‍ അടിവയറ്റില്‍ അസഹനീയമായ വേദന അനുഭവപ്പെടുന്നത്‌ സ്‌ത്രീകളില്‍ മാത്രം കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ്‌. പുരുഷന്മാരില്‍ വൃഷണങ്ങളില്‍ വേദനയോടുകൂടിയ വീക്കവും കാണപ്പെടുന്നു.

ലൈംഗിക രോഗമുള്ളവരിലേക്ക്‌ എച്ച്‌.ഐ.വി. അണുബാധ വേഗത്തില്‍ പകരാനും അവര്‍ അത്‌ മറ്റുള്ളവരിലേക്ക്‌ പകര്‍ത്താനുള്ള സാദ്ധ്യത വളരെ കൂടുതലാണ്‌. ലൈംഗികരോഗങ്ങള്‍ വഴിയുണ്ടാകുന്ന വ്രണങ്ങള്‍, എച്ച്‌.ഐ.വി. അണുക്കള്‍ എളുപ്പത്തില്‍ കടന്നുവരാന്‍ വഴിയൊരുക്കുന്നു. വ്രണത്തിന്റെ പുറത്ത്‌ എച്ച്‌.ഐ.വി. അണുബാധിതരുടെ ശുക്ലമോ, യോനീസ്രവമോ രക്തമോ പുരണ്ടാല്‍ എച്ച്‌.ഐ.വി. അണുക്കള്‍ വളരെ എളുപ്പത്തില്‍ ശരീരത്തില്‍ പ്രവേശിക്കും. ലൈംഗികരോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സിച്ച്‌ സുഖപ്പെടുത്തേണ്ടതാണ്‌.

ലളിതവും സൗജന്യവുമായ ലൈംഗികരോഗ ചികിത്സ യഥാസമയം ലഭ്യമാക്കാനായി കേരള സര്‍ക്കാര്‍ എയ്‌ഡ്‌സ്‌ നിയന്ത്രണപരിപാടിയുടെ ഭാഗമായിട്ടാണ്‌ സംസ്ഥാനത്തൊട്ടാകെ `പുലരി' കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌. ഈ കേന്ദ്രങ്ങളില്‍ക്കൂടി ശരിയായ രോഗനിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നു. കൂടാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വിദഗ്‌ദോപദേശവും കൗണ്‍സിലിംഗും നല്‍കുന്നു. ചികിത്സയ്‌ക്ക്‌ വിധേയ മാകുന്ന ആളിന്റെ ലൈംഗികപങ്കാളിക്കും ചികിത്സ നല്‍കുന്നു. രോഗലക്ഷണങ്ങള്‍ മാറിയാലും നിര്‍ദേശപ്രകാരമുള്ള ചികിത്സ തുടരാനുള്ള സാഹചര്യം ഒരുക്കുന്നു. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും (ആകെ എണ്ണം 18 ) `പുലരി' കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട.്‌



 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ