home  

New users are required to check instructions for proper viewing of the website.

  ഉഷസ്‌

ജീവിതത്തിലേക്ക്‌ പുതിയ വെളിച്ചം

സമഗ്ര എ.ആര്‍.ടി. ചികിത്സാകേന്ദ്രമാണ്‌ `ഉഷസ്‌'. എച്ച്‌.ഐ.വി. അണുബാധ ജീവിതത്തിന്റെ അവസാനമായി കണ്ട്‌ നിരാശപ്പെടേണ്ട കാര്യമില്ല. എച്ച്‌.ഐ.വി. അണുബാധിതരും സാധാരണ മനുഷ്യരാണ്‌. സമൂഹത്തിന്റെ മുഖ്യധാരയില്‍ ജീവിക്കുവാനുള്ള അവകാശം എച്ച്‌.ഐ.വി. അണുബാധിതര്‍ക്കുണ്ട്‌. കൃത്യമായ എ.ആര്‍.ടി. ചികിത്സ എയ്‌ഡ്‌സ്‌ ബാധിതരുടെ ആരോഗ്യകരമായ ജീവിതത്തിന്‌ സഹായകമാണ്‌. കൂടുതല്‍ ഫലപ്രദമായ, അല്ലെങ്കില്‍ പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള യത്‌നത്തിലാണ്‌ ശാസ്‌ത്രജ്ഞര്‍മാര്‍. മാത്രമല്ല, വരുംകാലങ്ങളില്‍ ഫലപ്രദമായ ഒരു വാക്‌സിന്‍ തന്നെ കണ്ടുപിടിച്ചേക്കാം.

എച്ച്‌.ഐ.വി. ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, അവ പെരുകുകയും ശരീരത്തില്‍ രോഗപ്രതിരോധശക്തി നിലനിര്‍ത്തുന്ന സിഡി 4 കോശങ്ങളെ ക്രമേണ നശിപ്പിക്കുകയും ചെയ്യുന്നു. 8 മുതല്‍ 10 വര്‍ഷം കൊണ്ട്‌ സിഡി 4 കോശങ്ങളുടെ എണ്ണം 200/ക്യൂബിക്‌്‌ മില്ലീലിറ്ററിന്‌ താഴെയാകുകയും അവസരജന്യ രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുന്നു. ഈ അവസഥയ്‌ക്കാണ്‌ ?എയ്‌ഡ്‌സ്‌' എന്നു പറയുന്നത്‌. ശരീരത്തില്‍ പ്രവേശിച്ച വൈറസുകളുടെ പെരുകല്‍ തടയുകയും, സിഡി 4 കോശങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ചികിത്സാ സംവിധാനം ഇന്ന്‌ നിലവിലുണ്ട്‌. എയ്‌ഡ്‌സിനെതിരെയുള്ള ഈ ചികിത്സയ്‌ക്കാണ്‌ ആന്റി റിട്രോ വൈറല്‍ (എ.ആര്‍.ടി.) എന്നു പറയുന്നത്‌. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഉഷസുകളില്‍ ചികിത്സ ലഭ്യമാണ്‌. എ.ആര്‍.ടി. ചികിത്സയിലൂടെ എയ്‌ഡ്‌സ്‌ ബാധിതരുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു.

എ.ആര്‍.ടി. ചികിത്സാരീതി
എ.ആര്‍.ടി. ചികിത്സ വഴി വൈറസിന്റെ (എച്ച്‌.ഐ.വി.) പെരുകലിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്നു. എയ്‌ഡ്‌സിന്റെ തുടക്കത്തില്‍ത്തന്നെ ചികിത്സ ആരംഭിക്കുകയും, തുടര്‍ച്ചയായി ചികിത്സിക്കുകയും ചെയ്‌താല്‍ സിഡി 4 കോശങ്ങളുടെ എണ്ണം മെച്ചപ്പെടുത്താന്‍ കഴിയുന്നു. മാസത്തിലൊരിക്കല്‍ എ.ആര്‍.ടി. ക്ലിനിക്കിലെ ഡോക്‌ടര്‍ രോഗിയെ പരിശോധിച്ച്‌ ഒരു മാസത്തേക്കുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുന്നു. മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കാരണം മരുന്ന്‌ മുടങ്ങുകയാണെങ്കില്‍ ചികിത്‌സ ഫലപ്രദമാവണമെന്നില്ല. ചികിത്സയില്‍ കഴിയുന്ന എയ്‌ഡ്‌സ്‌ ബാധിതര്‍ 6 മാസത്തിലൊരിക്കല്‍ സിഡി 4 കോശങ്ങളുടെ അളവ്‌ നിര്‍ണയിക്കേണ്ടതാണ്‌. കൗണ്‍സലിംഗിനും രക്തപരിശോധന നടത്താനുമുള്ള സൗകര്യം എ.ആര്‍.ടി. ക്ലിനിക്കുകളില്‍ ലഭ്യമാണ്‌.

എച്ച്‌.ഐ.വി. അണുബാധയുണ്ടെന്ന്‌ കണ്ടാല്‍ അടുത്തതായി ചെയ്യേണ്ടത്‌ സിഡി 4 നിര്‍ണയത്തിനായി എ.ആര്‍.ടി. സെന്ററില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്‌. ഈ പരിശോധന വര്‍ഷത്തിലൊരിക്കല്‍ ചെയ്യേണ്ടിവരുന്നു. സിഡി 4 കോശങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുമ്പോള്‍ അവസരജന്യരോഗങ്ങളായ ക്ഷയം, ന്യുമോണിയ, ഫംഗസ്‌ മുതലായവ ഉണ്ടാകുന്നു. സിഡി 4 കോശങ്ങളുടെ എണ്ണം 200 ല്‍ താഴെ എത്തുമ്പോഴാണ്‌ എ.ആര്‍.ടി. ചികിത്സ തുടങ്ങേണ്ടത്‌.

ശുഭാപ്‌തിവിശ്വാസവും, ശാസ്‌ത്രീയ സമീപനവും കൂടുതല്‍ നാള്‍ കൂടുതല്‍ ആരോഗ്യത്തോടെ ജീവിക്കുവാന്‍ പ്രാപ്‌തരാക്കുന്നു.


 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ